Tuesday, January 20, 2009

ബൂലോകം കൂടുതല്‍ ജനശ്രദ്ധ നേടുന്നു

അപ്പു എന്ന പേരില്‍ ബൂലോകര്‍ക്ക് സുപരിചിതനായ ഷിബുച്ചായന്റെ ആദ്യാക്ഷരി എന്ന ബ്ലോഗ് "Converting Malayalis into Bloggers" എന്ന തലക്കെട്ടോടെ The New Indian Express ല്‍ Asha. P Nair എഴുതുന്ന Blogspot എന്ന കോളത്തില്‍ ഇന്ന് (ജനുവരി 20 ന്) അവര്‍ പരിചയപ്പെടുത്തുകയുണ്ടായി എന്ന വിവരം എല്ലാ ബൂലോകരേയും സസന്തോഷം അറിയിയ്ക്കട്ടെ. ഇനിയും വാര്‍ത്ത അറിഞ്ഞിട്ടില്ലാത്തവര്‍ക്കായി പേപ്പര്‍ കട്ടിങ്ങ് താഴെ ചേര്‍ക്കുന്നു.


തീര്‍ച്ചയായും മലയാളി ബ്ലോഗര്‍മാര്‍ക്ക് അഭിമാനിയ്ക്കാവുന്ന ഒരു കാര്യമാണ് ഇത് എന്ന് നിസ്സംശയം പറയാം. ഇന്ത്യന്‍ എക്സ്പ്രസ് പോലുള്ള ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രത്തില്‍ ബ്ലോഗുകളെപ്പറ്റി ഒരു കോളം തുടങ്ങുന്നു എന്നത് തന്നെ അഭിമാനത്തിനിട നല്‍കുന്നു. ഇന്ത്യയിലെ ഭാഷാബ്ലോഗുകളില്‍ ഏറ്റവും ജനസഞ്ചാരമുള്ളതും, കണ്ടന്റ് ഉള്ളതുമായ ബ്ലോഗുകള്‍ പിറക്കുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടുകാരുടെ മാതൃഭാഷയിലാണെന്നത് മലയാളത്തെ സ്നേഹിയ്ക്കുന്ന എതൊരു മലയാളിയേയും സന്തോഷിപ്പിയ്ക്കുന്നതാണ്.

മലയാളം ബ്ലോഗുകളെപ്പറ്റി ഒരു പഠനം നടത്തുന്നവര്‍ക്ക് അല്ലെങ്കില്‍ മലയാളം ബ്ലോഗിങ്ങിലേയ്ക്ക് ഇറങ്ങുന്നവര്‍ക്ക് എറ്റവുമധികം സഹായകമാകാവുന്ന ഒരു ചവിട്ടുപടിയാണ് ആദ്യാക്ഷരി എന്ന ബ്ലോഗ്. സ്വാഭാവികമായും ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ Blogspot എന്ന കോളത്തിന് ഹരിശ്രീ കുറിയ്ക്കുവാനായി ആദ്യാക്ഷരി തെരഞ്ഞെടുത്തത് അനുയോജ്യമായ തീരു‍മാനം തന്നെ.

ബൂലോകം പിറന്ന നാളുകള്‍ മുതല്‍‌ക്കു തന്നെ മലയാളം ബ്ലോഗിങ്ങിനെ സഹായിയ്ക്കുന്ന ഒട്ടനേകം ബ്ലോഗുകളും പോസ്റ്റുകളും ഉണ്ടായിട്ടുണ്ട് എങ്കിലും ഇവയില്‍ ഭൂരിഭാഗവും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും കുറെയൊക്കെ ഉപയോഗിച്ച് പരിചിതമായവര്‍ക്കു മാത്രം എളുപ്പത്തില്‍ സ്വായത്തമാക്കാന്‍ പറ്റുന്ന ശൈലിയിലായിരുന്നു എഴുതപ്പെട്ടിരുന്നത്. ഇവിടെയാണ് ആദ്യാക്ഷരിയുടെ പ്രസക്തി. ഏതൊരു തുടക്കക്കാരനും മനസ്സിലാക്കാന്‍ പറ്റുന്നത്ര ലളിതമായി, പ്രത്യേകിച്ചും ആദ്യാക്ഷരിയുടെ ആമുഖത്തില്‍ പറയുന്നതുപോലെ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ലഭിക്കാത്ത മുതിര്‍ന്നവരെ ഉദ്ദേശിച്ച്, കമ്പ്യുട്ടറില്‍ മലയാള ഭാഷയെ ആയാസരഹിതമായി കൈപ്പിടിയിലൊതുക്കാം എന്ന ആത്മവിശ്വാസം ആദ്യം മുതല്‍ക്കേ വായനക്കാരന് പകര്‍ന്നു കൊടുക്കാന്‍ കഴിയുന്ന രീതിയിലാണ് അപ്പുവേട്ടന്‍ ആദ്യാക്ഷരി അവതരിപ്പിയ്ക്കുന്നത്.

ആദ്യാക്ഷരിയിലേയ്ക്കു പോകാനായി ഇവിടെ ക്ലിക്ക് ചെയ്യുക

മലയാളം വായിയ്ക്കാനും അത്യാവശ്യം ടൈപ്പു ചെയ്യാനും മാത്രം അറിയാവുന്നവര്‍ക്കു പോലും മറ്റാരുടേയും സഹായമില്ലാതെ ഒരു ബ്ലോഗ് തുടങ്ങാന്‍ സഹായകമായ രീതിയില്‍ ഓരോ അദ്ധ്യായങ്ങളിലായി സ്ക്രീന്‍ ഷോട്ടുകളുടേയും ലിങ്കുകളുടേയും സഹായത്തോടെയാണ് ആദ്യാക്ഷരിയിലെ ഓരോ അദ്ധ്യായവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. സംശയമുള്ളവര്‍ കമന്റുകളിലൂടെ അത് ചോദിച്ചാല്‍ താമസംവിനാ അത് പരിഹരിച്ചു കൊടുക്കുന്നതിനും ആദ്യാക്ഷരിയില്‍ സമയം കണ്ടെത്തുന്നുണ്ട്. ബ്ലോഗറില്‍ പുതിയതായി എത്തുന്ന ഫീച്ചറുകളെയും പരിചയപ്പെടുത്തിക്കൊണ്ട് ആദ്യാക്ഷരി അപ്ഡേറ്റ് ചെയ്യുന്നതിനും അപ്പുവേട്ടന്‍ ശ്രദ്ധിക്കുന്നു.



ഇവകൂടാതെ, ബൂലോകത്ത് നിലവില്‍ ലഭ്യമായ വേറെയും സഹായ ബ്ലോഗ് പോസ്റ്റുകളിലേക്കും, ബ്ലോഗ് സംബന്ധിയായ ടിപ്സുകള്‍ നല്‍കുന്ന ബ്ലോഗുകളിലേക്കും ഉള്ള ലിങ്കുകള്‍ ആദ്യാക്ഷരിയില്‍ നല്‍കിയിട്ടുണ്ട്. മലയാളഭാഷയുടെ ഉപയോഗം ബ്ലോഗില്‍ മാത്രം ഒതുക്കി നിര്‍ത്താതെ അത് മറ്റുമേഖലകളിലേക്കു കൂടി ഉപകാരപ്പെടുത്തുവാനായാണ് മലയാളം വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ എഴുതുവാനുള്ള കാര്യങ്ങള്‍ വിശദമാക്കുന്ന സെക്ഷന്‍.


ഇന്ന് ലോകമൊട്ടാകെയായി ആയിരത്തില്‍പ്പരം മലയാളി ബ്ലോഗര്‍മാരുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്. അവരെക്കൂടാതെ സ്വന്തമായി ബ്ലൊഗ് ഇല്ലാത്ത ബ്ലോഗ് വായനക്കാരും ഇ മെയില്‍ ഫോര്‍‌വേഡ്സ് ആയി മാത്രം ബ്ലോഗ് പോസ്റ്റുകള്‍ വായിയ്ക്കുന്ന മലയാളികളും ഉണ്ട്. കമ്പ്യൂട്ടറില്‍ മലയാളത്തിന്റെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നു എന്നുസാരം.


ഇതു വരെ ബൂലോകത്തേയ്ക്ക് ഒന്നെത്തി നോക്കുക പോലും ചെയ്യാത്തവരാണെങ്കില്‍ കൂടിയും, ഇന്റര്‍നെറ്റില്‍ മലയാളം വായിക്കുവാനും, സ്വന്തമായി ബ്ലോഗു തുടങ്ങുവാനും ആഗ്രഹിയ്ക്കുന്ന ഏതൊരു മലയാളിയ്ക്കും ആദ്യാക്ഷരിയില്‍ നിന്നും ലഭിയ്ക്കുന്ന നിര്‍ദ്ദേശങ്ങളും അറിവുകളും വിലപ്പെട്ടതാണ്. പുതുതായി ബ്ലോഗ് തുടങ്ങുന്നവര്‍ക്കു മാത്രമല്ല, ബ്ലോഗിങ്ങിലെ സാങ്കേതികമായ പല കാര്യങ്ങളും അറിയാത്ത, നിലവിലുള്ള ബ്ലോഗേഴ്സിനും ആദ്യാക്ഷരി ഉപകാരംതന്നെ.

ചുരുക്കത്തില്‍ ഭൂലോകത്തു നിന്നും ബൂലോകത്തേയ്ക്കുള്ള ഒരു കിളിവാതിലാണ് ആദ്യാക്ഷരി. ഇനിയും ബൂലോകത്തിന്റെ ഈ ബാലവാടിയില്‍‍ നിന്നും ബ്ലോഗിങ്ങിന്റെ ബാലപാഠങ്ങള്‍ സ്വായത്തമാക്കി ഒരുപാടൊരുപാടു പേര്‍ ബൂലോകത്തേയ്ക്കു കടന്നു വരട്ടെ എന്നും അതു വഴി മലയാളം ബ്ലോഗിങ്ങ് ഇനിയുമിനിയും ഉയരങ്ങളിലേയ്ക്ക് പറക്കട്ടെ എന്നും ഇനിയുമൊരുപാട് നല്ല നല്ല എഴുത്തുകാര്‍ ബൂലോകത്ത് ഉണ്ടാകട്ടെ എന്നും നമുക്ക് പ്രത്യാശിയ്ക്കാം.

ആദ്യാക്ഷരി എന്ന ബ്ലോഗിലൂടെ മലയാളം ബ്ലോഗിങ്ങിന്റെ പ്രശസ്തി വര്‍ദ്ധിപ്പിച്ച അപ്പുവേട്ടനും ആദ്യാക്ഷരി എന്ന ബ്ലോഗിനും ആശംസകള്‍ നേരുന്നു. മലയാളം ബ്ലോഗിങ്ങ് ഇനിയും വളരട്ടെ!

ഈ ലിങ്കുകള്‍ കൂടി ശ്രദ്ധിയ്ക്കുക:

ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് അപ്പുവിനെ പരിചയപ്പെടുത്തുന്നു: ഉപഭോക്താവ് [ഞാന്‍ അങ്കിള്‍]

അപ്പുവും ആദ്യാക്ഷരിയും... ഇന്ത്യന്‍ എക്സ്പ്രസ്സും: ചുറ്റുവട്ടം [അഗ്രജന്‍]

ആദ്യാക്ഷരിക്കും അപ്പുവിനും അഭിനന്ദനങ്ങള്‍: സ്പന്ദനങ്ങള് [അനില്‍‌ശ്രീ]

Monday, January 5, 2009

ആഴ്ച ഏതെന്നറിയാന്‍ ഒരെളുപ്പവഴി

2009 ഒക്ടോബര്‍ 2 വെള്ളിയാഴ്ചയാണോ?
പെട്ടെന്ന് നമ്മളോട് ഒരാള്‍ ഇങ്ങനെ ചോദിച്ചാല്‍ എന്തു ചെയ്യും? അടുത്ത് കലണ്ടറോ കമ്പ്യൂട്ടറോ മൊബൈലോ ഒന്നുമില്ലെങ്കിലും ഇത് രണ്ടു മിനിട്ടു കൊണ്ട് ഓര്‍ത്തെടുക്കാന്‍ ഒരു വഴിയുണ്ട്. [ഇത് ഞാന്‍ കണ്ടു പിടിച്ചതൊന്നും അല്ല കേട്ടോ. പലര്‍ക്കും അറിയാവുന്ന വഴി ആയിരിയ്ക്കും ഇത്. എങ്കിലും കേട്ടിട്ടില്ലാത്തവര്‍ക്കു വേണ്ടി ഇത് ഇവിടെ പങ്കു വയ്ക്കുന്നു]

ഈ ഐഡീയ ഒന്നു ശ്രമിച്ചു നോക്കൂ...

ആദ്യമായി ഓരോ മാസത്തിനും താഴെ കൊടുത്തിരിയ്ക്കുന്ന നമ്പറുകള്‍ ഓര്‍ത്തു വയ്ക്കുക.

ജനുവരി > 3
ഫെബ്രുവരി > -1 (അല്ലെങ്കില്‍ 6)

മാര്‍ച്ച് > -1 (അല്ലെങ്കില്‍ 6)
ഏപ്രില്‍ > 2
മെയ് > 4
ജൂണ്‍ > 0
ജൂലൈ > 2
ആഗസ്ത് > 5
സെപ്തംബര്‍ > 1
ഒക്ടോബര്‍ > 3
നവംബര്‍ > -1 (അല്ലെങ്കില്‍ 6)
ഡിസംബര്‍ > 1

അടുത്തതായി, നമുക്ക് ഏതു മാസത്തിലെ ദിവസമാണോ കണക്കാക്കേണ്ടത്, ആ മാസത്തിന് അനുബന്ധമായി കൊടുത്തിരിയ്ക്കുന്ന അക്കം ആ തീയ്യതിയോടു കൂടി കൂട്ടുക. എന്നിട്ട് കിട്ടുന്ന തുകയെ 7 കൊണ്ട് ഹരിയ്ക്കുക. ഇനി ഹരണഫലം ഒഴിവാ‍ക്കി ശിഷ്ടമായി കിട്ടുന്ന അക്കങ്ങളെ മാത്രം പരിഗണിയ്ക്കുക. ആ അക്കങ്ങളില്‍ നിന്ന് നമുക്ക് അറിയേണ്ട തീയ്യതി ഏതു ദിവസമായിരിയ്ക്കുമന്ന് മനസ്സിലാക്കാം.

ശിഷ്ടം 0 ആണെങ്കില്‍ - ഞായര്‍
ശിഷ്ടം 1 ആണെങ്കില്‍ - തിങ്കള്‍
ശിഷ്ടം 2 ആണെങ്കില്‍ - ചൊവ്വ
ശിഷ്ടം 3 ആണെങ്കില്‍ - ബുധന്‍

ശിഷ്ടം 4 ആണെങ്കില്‍ - വ്യാഴം
ശിഷ്ടം 5 ആണെങ്കില്‍ - വെള്ളി
ശിഷ്ടം 6 ആണെങ്കില്‍ - ശനി


ഉദാ: നമുക്ക് കണ്ടു പിടിയ്ക്കേണ്ടത് 2009 ഡിസംബര്‍ 25 ഏതു ദിവസം ആയിരിയ്ക്കും എന്നാണെന്ന് കരുതുക. അപ്പോള്‍ 25 ന്റെ കൂടെ ഡിസംബറിനോട് അനുബന്ധമായി മുകളില്‍ കൊടുത്തിരിയ്ക്കുന്ന “1” കൂട്ടുക. അതായത് 25 + 1 = 26. ഇനി 26 നെ 7 കൊണ്ട് ഹരിയ്ക്കുക. 26 നെ 7 കൊണ്ട് ഹരിയ്ക്കുമ്പോള്‍ ഹരണഫലമായി 3 ഉം ശിഷ്ടമായി 5 ഉം ലഭിയ്ക്കും. ഇനി മേല്‍പ്പറഞ്ഞ പ്രകാരം 5 എന്നത് വെള്ളിയാഴ്ച ആണെന്നു മനസ്സിലാക്കാം. അതായത് 2009 ഡിസംബര്‍ 25 എന്നത് ഒരു വെള്ളിയാഴ്ച ആയിരിയ്ക്കും.

എല്ലാവര്‍ക്കും ഒരു നല്ല പുതുവര്‍ഷം ആശംസിയ്ക്കുന്നു...
----------------------------------------------------------------------------------
വാല്‍‌ക്കഷ്ണം: പത്തക്കമുള്ള മൊബൈല്‍ നമ്പര്‍ ഓര്‍ത്തിരിയ്ക്കാമെങ്കില്‍ പന്ത്രണ്ടക്കമുള്ള 2009 ലെ കലണ്ടര്‍ ഓര്‍ത്തു കൂടേ?
366240 251361 എന്ന് ഓര്‍ത്താല്‍ പോരേ? ;)

എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP