Tuesday, November 15, 2011

മുരുഡേശ്വര ക്ഷേത്രം

 മുരുഡേശ്വര

ഷിമോഗ യില്‍ നിന്ന് 200 കി.മീ അകലെ ഉള്ള ക്ഷേത്രത്തിലെ ഈ ശിവപ്രതിമ ലോകത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ  ശിവ പ്രതിമ ആണ്.

Tuesday, June 14, 2011

കോഴിമുട്ടപ്പാറ

വെള്ളിക്കുളങ്ങരയിലെ കോഴിമുട്ടപ്പാറ.

Friday, April 1, 2011

പ്രതീക്ഷ

Tuesday, March 29, 2011

ക്രിക്കറ്റ് യുദ്ധം (ഇന്ത്യ - പാക് സെമി) : ഒരു വിശകലനം

2011 മാര്‍ച്ച് 30 ന് മൊഹാലിയില്‍ ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ബദ്ധവൈരികളായ പാക്കിസ്ഥാനോട് ഏറ്റുമുട്ടുകയാണ്. രണ്ടു രാജ്യത്തെയും ക്രിക്കറ്റ് ആരാധകര്‍ മാത്രമല്ല, രാജ്യം മുഴുവനും വീര്‍പ്പടക്കി കാത്തിരിയ്ക്കുകയാണ് മത്സര ഫലം എന്താകും എന്നറിയാന്‍. രണ്ടു ക്യാപ്റ്റന്മാരോടും സ്വന്തം ജനത ഒന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ... ഫൈനലിന്റെ റിസള്‍ട്ട് എന്തുമായിക്കൊള്ളട്ടെ, പക്ഷേ ഈ സെമി ഫൈനല്‍ ജയിച്ചേ മതിയാകൂ...

ഇന്ത്യയും പാക്കിസ്ഥാനും ഇതു വരെ നാലു തവണ ലോക കപ്പില്‍ നേര്‍ക്കു നേര്‍ വന്നിട്ടുണ്ട്. നാലു തവണയും ഭാഗ്യം ഇന്ത്യയ്ക്കൊപ്പമായിരുന്നു. 1992, 1996,1999,2003 വര്‍ഷങ്ങളിലെ ലോകക്കപ്പുകളിലാണ് ഇരു ടീമുകളും ഇതു വരെ ഏറ്റുമുട്ടിയിട്ടുള്ളത്.1992 ലോകകപ്പ് (മാര്‍ച്ച് 4, 1992 - സിഡ്‌നി):

പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായ 1992 ലോകകപ്പില്‍ സെമിയില്‍ പോലുമെത്താനാകാതെ ഇന്ത്യ പുറത്തായെങ്കിലും ലീഗ് റൌണ്ടില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം ഇന്ത്യയ്ക്കൊപ്പം ആയിരുന്നു. 43 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

ടോസ്സ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 54 റണ്‍സിന്റെ പിന്‍ബലത്തില്‍ 49 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു. ജഡേജ (46), കപില്‍ ദേവ്(35), അസ്‌ഹര്‍ (32) എന്നിവരും തിളങ്ങി. പാക്കിസ്ഥാനു വേണ്ടി മുഷ്‌ത്ഖ് അഹമ്മദ് 3 ഉം അക്വിബ് ജാവേദ് 2 ഉം വിക്കറ്റെടുത്തു.

മറുപടിയായി ബാറ്റ് ചെയ്യാനിറങ്ങിയ പാക്കിസ്ഥാന്‍ 48.1 ഓവറില്‍ 173 ന് ഓള്‍ ഔട്ട് ആയി. 62 റണ്‍സ് നേടി സൊഹൈല്‍ ടോപ്‌സ്കോററായപ്പോള്‍ മിയാന്‍ദാദ് 40 റണ്‍സ് നേടി. ഇന്ത്യയ്ക്ക് വേണ്ടി പ്രഭാകറും ശ്രീനാഥുമ് വിക്കറ്റ് വീതം നേടി. സച്ചിന്‍ ആയിരുന്നു മാന്‍ ഓഫ് ദ മാച്ച്.


1996 ലോകകപ്പ് (മാര്‍ച്ച് 9, 1996 - ബാംഗ്ലൂര്‍):

രണ്ടാമത് ഇരു ടീമുകളും പരസ്പരം നേരിടുന്നത് 1996 ല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വച്ചു നടന്ന ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആയിരുന്നു.

ടോസ്സ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 93 റണ്‍സ് നേടിയ സിധുവിന്റെയും 25 പന്തില്‍ 45 റണ്‍സ് നേടിയ ജഡേജയുടെയും മികവില്‍ 50 ഓവറില്‍ 8 വിക്കറ്റിന് 287 റണ്‍സ് എടുത്തു.സച്ചിന്‍ (31), അസ്‌ഹര്‍ (27), കാംബ്ലി (24) എന്നിവരും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയപ്പോള്‍ പാക്കിസ്ഥാനു വേണ്ടി വഖാര്‍ യൂനസും മുഷ്‌താഖ് അഹമ്മദും ഈരണ്ടു വിക്കറ്റ് വീതം നേടി. (വഖാറിന്റെ അവസാനത്തെ 2 ഓവറില്‍ നിന്ന് ജഡേജ അടിച്ചെടുത്ത 40 റണ്‍സായിരുന്നു ഇന്ത്യയുടെ സ്കോര്‍ 280 കടത്തിയത്)

288 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ പാക്കിസ്ഥാന് അന്‍വറും(48) സൊഹൈലും (55) മികച്ച തുടക്കം നല്‍കിയെങ്കിലും അവര്‍ 49 ഓവറില്‍ 249 ന് എല്ലാവരും പുറത്തായി.മധ്യനിരയില്‍ സലീം മാലിക്കും (38) തന്റെ അവസാന മത്സരം കളിച്ച മിയാന്‍ദാദും(38) ശ്രമിച്ചെങ്കിലും ഇന്ത്യന്‍ ടോട്ടല്‍ മറികടക്കാന്‍ അവര്‍ക്കായില്ല. ഇന്ത്യയ്ക്ക് 38 റണ്‍സ് വിജയം. ഇന്ത്യയ്ക്ക് വേണ്ടി പ്രസാദും കുംബ്ലെയും 3 വിക്കറ്റെടുത്തു.സിധു ആയിരുന്നു മാന്‍ ഓഫ് ദ മാച്ച്.1999 ലോകകപ്പ് (ജൂണ്‍ 8, 1999 - മാഞ്ചസ്റ്റര്‍):

അവസാന സ്ഥാനക്കാരായി സൂപ്പര്‍ സിക്സിലെത്തിയ ഇന്ത്യയെക്കാള്‍, മികച്ച കളിയോടെ ആധികാരികമായി സൂപ്പര്‍ സിക്സിലെത്തിയതായിരുന്നു പാക്കിസ്ഥാനെങ്കിലും ഇത്തവണയും ഭാഗ്യം ഇന്ത്യയുടെ കൂടെ നിന്നു.(സൂപ്പര്‍ സിക്സിലെ മൂന്നില്‍ മറ്റു രണ്ടു മത്സരങ്ങളും തോറ്റ ഇന്ത്യ പുറത്തായപ്പോള്‍ അതേ സമയം മറ്റു രണ്ടു മത്സരങ്ങളും ജയിച്ചു കയറിയ പാക്കിസ്ഥാന്‍ ഫൈനലില്‍ ആസ്ടൃലിയയോട് മാത്രമാണ് പിന്നെ പരാജയപ്പെട്ടത്)

ഇത്തവണയും ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 50 ഓവറില്‍ 6 വിക്കറ്റിന് 226 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ദ്രാവിഡ് 61 ഉം, അസ്‌ഹര്‍ 59 ഉം സച്ചിന്‍ 45 ഉം റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന് വേണ്ടി അക്രവും അസ്‌ഹര്‍ മഹ്‌മൂദുമ് വിക്കറ്റ് വീതം വീഴ്ത്തി.

പക്ഷേ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് 45.3 ഓവറില്‍ 180 റണ്‍സ് നേടിയപ്പോഴേയ്ക്കും എല്ലാ വിക്കറ്റുകളും നഷ്ടമായി, ഇന്ത്യയ്ക്ക് 47 റണ്‍സിന്റെ വിജയം. പാക്കിസ്ഥാന് വേണ്ടി ഇന്‍സമാം 41 ഉം അന്‍വര്‍ 36 ഉം മോയിന്‍ ഖാന്‍ 34 ഉം റണ്‍സ് നേടിയപ്പോള്‍ ഇത്തവണയും ഇന്ത്യയ്ക്ക് വേണ്ടി പ്രസാദ് തന്നെ മികച്ച ബൌളിങ്ങ് കാഴ്ച വച്ചു, പ്രസാദ് 5 വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ശ്രീനാഥ് 3 ഉം കുംബ്ലെ 2 ഉം വിക്കറ്റുകള്‍ നേടി. പ്രസാദ് തന്നെ ആയിരുന്നു മാന്‍ ഓഫ് ദ മാച്ച്.2003 ലോകകപ്പ് (മാര്‍ച്ച് 1, 2003 - സെഞ്ചൂറിയന്‍):

പതിവിനു വിപരീതമായി ഇത്തവണ ടോസ് നേടിയത് പാക്കിസ്ഥാനായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അവര്‍ക്ക് 50 ഓവറില്‍ 7 വിക്കറ്റിന് 273 റണ്‍സ് നേടാന്‍ കഴിഞ്ഞു. അന്‍വറിന്റെ സെഞ്ച്വറി (101)ആയിരുന്നു അവരുടെ ഇന്നിങ്ങ്‌സിന്റെ ഹൈ‌ലൈറ്റ്. യൂനിസ്‌ഖാന്‍ (32), യൂസഫ് യൊഹാന[ഇപ്പോള്‍ മുഹമ്മദ് യൂസഫ്] (25) എന്നിവരും മോശമാക്കിയില്ല. ഇന്ത്യയ്ക്ക് വേണ്ടി സഹീര്‍ ഖാനും നെഹ്‌റയുമ് വിക്കറ്റ് വീതം നേടി.

273 എന്ന താരതമ്യേന മികച്ച സ്കോര്‍ നേടിയെങ്കിലും സച്ചിനെ പിടിച്ചു നിര്‍ത്തുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടു.വെറും 75 പന്തുകളില്‍ 98 റണ്‍സ് നേടിയ സച്ചിന്‍ അനായാസം സെഞ്ച്വറി നേടുമെന്ന് തോന്നിച്ചെങ്കിലും 90 കളില് വച്ച് പേശിവലിവ് വന്നത് അദ്ദേഹത്തിന്റെ ഏകാഗ്രതയെ ബാധിച്ചു. എങ്കിലും സച്ചിന്‍ പുറത്തായ ശേഷവും ദ്രാവിഡും (44), യുവരാജും (50) ഇന്ത്യയെ അനായാസം 45.4 ഓവറില്‍ വിജയത്തിലെത്തിച്ചു. കൈഫും (34) സേവാഗും (21) ഇന്ത്യയ്ക്ക് വേണ്ടി മോശമില്ലാതെ സ്കോര്‍ ചെയ്തപ്പോള്‍ വഖാര്‍ 2 വിക്കറ്റെടുത്തു.സച്ചിന്‍ ആയിരുന്നു മാന്‍ ഓഫ് ദ മാച്ച്.2007 ലോക കപ്പില്‍ ഇരു ടീമുകള്‍ക്കും ഏറ്റുമുട്ടേണ്ടി വന്നില്ല, അവസാനം 8 വര്‍ഷങ്ങളുടെ ഇടവേളകള്‍ക്ക് ശേഷം രണ്ടു ടീമുകളും നേര്‍ക്കു നേര്‍ വരുന്നത് ഈ ലോകകപ്പിലാണ്. മഴ കളി അലങ്കോലമാക്കിയില്ലെങ്കില്‍ മൊഹാലിയി‌ല്‍ നടക്കാന്‍ പോകുന്നത് ഒരു ക്രിക്കറ്റ് യുദ്ധം തന്നെ ആകുമെന്നുറപ്പ്. തോല്‍ക്കാന്‍ മനസ്സിലാത്ത 2 ടീമുകള്‍ തമ്മിലുള്ള ആവേശോജ്വലമായ ഒരു യുദ്ധം തന്നെ.സച്ചിന്റെ അവസാന ലോകകപ്പായി പറയപ്പെടുന്ന ഇത്തവണ വിജയം ആരുടെ കൂടെ നില്‍ക്കും? കണക്കുകളുടെ ആനുകൂല്യം ഇന്ത്യയുടെ കൂട്ടിനെത്തുമോ അതോ ഇത്തവണ പാക്കിസ്ഥാന്‍ ചരിത്രം മാറ്റിയെഴുതുമോ?ഏതൊരു ഇന്ത്യാക്കാരനേയും പോലെ ഞാനും ആഗ്രഹിയ്ക്കുന്നത് ഇന്ത്യയുടെ മറ്റൊരു ചരിത്ര വിജയത്തിനാണ്. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്രിക്കറ്ററായ സച്ചിന് അദ്ദേഹം അര്‍ഹിയ്ക്കുന്ന രീതിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിടവാങ്ങാന്‍ ഇത്തവണ എങ്കിലും നമുക്ക് ഈ കപ്പ് നേടിയേ തീരൂ. അതിനായി ഇനി ടീം ഇന്ത്യയ്ക്ക് മറികടക്കേണ്ടത് രണ്ടേ രണ്ടു കടമ്പകള്‍. അതില്‍ പ്രാധാന്യം ഇന്നത്തെ സെമി ഫൈനല്‍ തന്നെ.


ഏകദിനത്തില്‍ 48 സെഞ്ച്വറികളും ടെസ്റ്റില്‍ 51 സെഞ്ച്വറികളും സ്വന്തമാക്കിയിട്ടുള്ള സച്ചിന് ഒരു അന്താരാഷ്ട്ര സെഞ്ച്വറി കൂടി നേടാനായാല്‍ സെഞ്ച്വറികളുടെ എണ്ണത്തില്‍ സെഞ്ച്വറി തികയ്ക്കാനാകുമെന്നത് മറ്റൊരു പ്രത്യേകത. സച്ചിന് ഈ ലോകകപ്പില്‍ നൂറാം സെഞ്ച്വറി അനുവദിച്ചു തരില്ലെന്ന് പാക് നായകന്‍ അഫ്രീദി പറഞ്ഞതോടെ മത്സരത്തിന്റെ ആവേശം വര്‍ദ്ധിച്ചിരിയ്ക്കുകയാണ്. പാക്കിസ്ഥാന്‍ ജനതയുടെ പ്രാര്‍ത്ഥനകളെയും അക്തറിന്റെയും ഗുല്ലിന്റെയും അഫ്രീദിയുടെയും വെല്ലുവിളികളെയും സ്വന്തം നാട്ടില്‍ കളിയ്ക്കുന്നതിന്റെ സമ്മര്‍ദ്ദവും എല്ലാത്തിനും പുറമേ നൂറാം സെഞ്ച്വറിയുടെ അധികസമ്മര്‍ദ്ദവും സച്ചിന് അതിജീവിയ്ക്കാനായെങ്കില്‍... എങ്കില്‍ സംശയിയ്ക്കേണ്ട, ശനിയാഴ്ച ശ്രീലങ്കയെ ഫൈനലില്‍ നേരിടാനായി മുംബൈയിലെത്തുക ഇന്ത്യന്‍ പട തന്നെയായിരിയ്ക്കും.കുറച്ച് അതിമോഹമാകും എന്നറിയാം... എങ്കിലും, ഏകദിന ക്രിക്കറ്റിലെ അമ്പതാം സെഞ്ച്വറിയോടെ ഫൈനലില്‍ ശ്രീലങ്കയെയും മറികടന്ന് ഇന്ത്യയ്ക്ക് വേണ്ടി കപ്പ് നേടുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന മാസ്റ്റര്‍ ബ്ലാസ്റ്ററെ സ്വപ്നം കണ്ടു കൊണ്ട് നൂറുകോടി ജനങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കൊപ്പം ഞാനും ചേരുന്നു...


Come On India...Do it For Sachin!!!

----------------------------------------------------


Update:

2011 ലോകകപ്പ് (മാര്‍ച്ച് 30, 2011 - മൊഹാലി):

ഇത്തവണയും ടോസിലെ ഭാഗ്യം ഇന്ത്യന്‍ ക്യാപ്ടന്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 9 വിക്കറ്റിന് 260 റണ്‍സ് നേടി. റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയ പിച്ചില്‍ സേവാഗിന്റെ (38) മിന്നല്‍ തുടക്കത്തോടെ തുടങ്ങിയ ഇന്ത്യയെ സച്ചിന്റെ 85 റണ്‍സും റെയ്നയുടെ 36* ഉം ധോണിയുടെ 25 റണ്‍സുമാണ് മോശമല്ലാത്ത സ്കോറിലെത്താന്‍ സഹായിച്ചത്. പാക്കിസ്ഥാന്‍ ബൌളര്‍മാരില്‍ റിയാസ് 5 വിക്കറ്റ് നേടി.


261 വലിയൊരു സ്കോര്‍ അല്ലായിരുന്നുവെങ്കിലും കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ വിക്കറ്റെടുത്തതോടെ പാക്കിസ്ഥാന് മികച്ച ഒറ്റ കൂട്ടുകെട്ടു പോലും നേടാനായില്ല. മധ്യനിരയില്‍ മിസ്‌ബാ (56) യും ഓപ്പണര്‍ ആയി ഇറങ്ങിയ ഹഫീസും (43) മാത്രമാണ് മികച്ച സ്കോര്‍ നേടിയത്. അവസാന ഓവറിലെ അഞ്ചാം പന്തില്‍ അവസാന ബാറ്റ്സ്മാനായി മിസ്‌ബാ പുറത്താകുമ്പോള്‍ പാക് സ്കോര്‍ 231 ആയിരുന്നു. ഇന്ത്യയ്ക്ക് 29 റണ്‍സ് വിജയം. ബൌളിങ്ങിനിറങ്ങിയ എല്ലാ ഇന്ത്യന്‍ ബൌളര്‍മാരും രണ്ടു വിക്കറ്റ് വീതം നേടി.

സച്ചിന്‍ ആയിരുന്നു ഇത്തവണയും മാന്‍ ഓഫ് ദ മാച്ച്.

എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP