Saturday, March 1, 2008

തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം

ഞങ്ങളുടെ തഞ്ചാവൂരിലെ ജീവിത കാലത്ത് എടുത്ത ചിത്രങ്ങളാണ് ഇവ. അന്ന് എല്ലാ ആഴ്ചകളുടേയും അവസാനം ഈ ക്ഷേത്രത്തിലേയ്ക്ക് ദര്‍ശനത്തിനെത്തുക പതിവായിരുന്നു.

ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്നായ ഈ ബൃഹദീശ്വര ക്ഷേത്രം
പെരിയ കോവില്‍ എന്ന പേരിലാണു പരക്കെ അറിയപ്പെടുന്നത്. തിരുവുടയാര്‍ കോവില്‍ എന്നും രാജരാജേശ്വരം കോവില്‍ എന്നും ഇത് അറിയപ്പെടുന്നു. എ.ഡി.1000 കാലയളവില്‍ രാജരാജചോഴനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്നു പറയപ്പെടുന്നു. ലിംഗരൂപത്തിലുള്ള പരമശിവനാണ് ഇവിടെ പ്രധാന പ്രതിഷ്ഠ.

ഈ പ്രധാന ഗോപുരത്തിനു മാത്രം ഏതാണ്ട് ഇരുന്നൂറടിയിലധികം (അതായത് ഒരു പത്തു നില കെട്ടിടത്തോളം) ഉയരമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. മുകളിലായി കാണുന്ന ഒറ്റക്കല്ലില്‍ തീര്‍ത്ത ആ വലിയ ഗോളം ഈ ഗോപുരത്തിന്റെ മുകളില്‍ സ്ഥാപിയ്ക്കുന്നതിന്, ഈ ഗോപുരത്തിന്റെ അത്രയും തന്നെ ഉയരത്തില്‍ മണ്ണിട്ട് പൊക്കിയിട്ടാണ് സാധിച്ചത് എന്നാണ് കേട്ടിരിയ്ക്കുന്നത്.

ഒറ്റക്കല്ലില്‍ തീര്‍ത്ത പന്ത്രണ്ട് അടിയിലധികം ഉയരമുള്ള ശിവലിംഗമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. (ശിവലിംഗത്തിന്റെ ചീത്രം എടുത്തില്ല.. അകത്ത് ഫോട്ടോ എടുക്കാന്‍ അനുവാദം കിട്ടുമായിരുന്നോ എന്നുമറിയില്ലാ‍യിരുന്നു)

ക്ഷേത്രത്തിനു മുന്നിലുള്ള നന്ദി മണ്ഡപം. ഈ നന്ദി വിഗ്രഹത്തിനും പന്ത്രണ്ട് അടി ഉയരം വരും. ലോകത്തെ ഏറ്റവും വലിപ്പമുള്ള രണ്ടാമത്തെ നന്ദി വിഗ്രഹമാണ് ഇതെന്ന് പറയപ്പെടുന്നു.

നിറയെ ചുമര്‍ ചിത്രങ്ങളും ഭരത നാട്യം പോലുള്ള കലകളുടെ അസംഖ്യം മുദ്രകളും നിറഞ്ഞതാണ് ഈ കമാനങ്ങള്‍ പോലും.

പെരിയ കോവില്‍ ക്ഷേത്രത്തിനു വെളിയില്‍ നിന്നൊരു ദൃശ്യം

ക്ഷേത്രത്തിനകത്തു നിന്ന്

ക്ഷേത്രം ഒറ്റ നോട്ടത്തില്‍

പ്രധാന പ്രതിഷ്ഠയായ പരമ ശിവനു പുറമേ ചണ്ഡികേശ്വരന്‍, നടരാജന്‍, ബൃഹനായകി ദേവി, ഗണപതി, സുബ്രഹ്മണ്യന്‍ എന്നീ പ്രതിഷ്ഠകളും പേരറിയാത്ത വേറെ കുറച്ചു ദൈവങ്ങളും ആയിരത്തോളം ശിവലിംഗങ്ങളും ക്ഷേത്രത്തിനുള്ളില്‍ പലയിടത്തായി ഉണ്ട്. അതു പോലെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വലിയൊരു ആര്യവേപ്പും ഈ ക്ഷേത്രത്തിനകത്തുണ്ട്. അതില്‍ അപൂര്‍വ്വമായി പ്രത്യക്ഷപ്പെടുന്ന കൂറ്റന്‍ പല്ലിയുടെ ദര്‍ശനം ലഭിയ്ക്കുന്നത് നല്ലതാണെന്ന ഒരു വിശ്വാസവും നിലവിലുണ്ട്. (സാധാരണയില്‍ നിന്നും വ്യത്യസ്തമായി ആ പല്ലിയ്ക്ക് ആ മരത്തിന്റെ തൊലിയുടെ കറുത്ത നിറവും ആറോ എട്ടോ ഇഞ്ച് നീളവും അതിനൊത്ത വലുപ്പവും വരും). എല്ലാ ആഴ്ചകളിലും കുറേ നേരം നിന്നിട്ടായാലും ആ പല്ലിയെ കണ്ടിട്ടേ ഞങ്ങള്‍ മടങ്ങാറുള്ളൂ. (അതിന്റേയും ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല)

എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP