തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം
ഞങ്ങളുടെ തഞ്ചാവൂരിലെ ജീവിത കാലത്ത് എടുത്ത ചിത്രങ്ങളാണ് ഇവ. അന്ന് എല്ലാ ആഴ്ചകളുടേയും അവസാനം ഈ ക്ഷേത്രത്തിലേയ്ക്ക് ദര്‍ശനത്തിനെത്തുക പതിവായിരുന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്നായ ഈ ബൃഹദീശ്വര ക്ഷേത്രം പെരിയ കോവില്‍ എന്ന പേരിലാണു പരക്കെ അറിയപ്പെടുന്നത്. തിരുവുടയാര്‍ കോവില്‍ എന്നും രാജരാജേശ്വരം കോവില്‍ എന്നും ഇത് അറിയപ്പെടുന്നു. എ.ഡി.1000 കാലയളവില്‍ രാജരാജചോഴനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്നു പറയപ്പെടുന്നു. ലിംഗരൂപത്തിലുള്ള പരമശിവനാണ് ഇവിടെ പ്രധാന പ്രതിഷ്ഠ.





പ്രധാന പ്രതിഷ്ഠയായ പരമ ശിവനു പുറമേ ചണ്ഡികേശ്വരന്, നടരാജന്, ബൃഹനായകി ദേവി, ഗണപതി, സുബ്രഹ്മണ്യന് എന്നീ പ്രതിഷ്ഠകളും പേരറിയാത്ത വേറെ കുറച്ചു ദൈവങ്ങളും ആയിരത്തോളം ശിവലിംഗങ്ങളും ക്ഷേത്രത്തിനുള്ളില്‍ പലയിടത്തായി ഉണ്ട്. അതു പോലെ പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന വലിയൊരു ആര്യവേപ്പും ഈ ക്ഷേത്രത്തിനകത്തുണ്ട്. അതില്‍ അപൂര്‍വ്വമായി പ്രത്യക്ഷപ്പെടുന്ന കൂറ്റന്‍ പല്ലിയുടെ ദര്‍ശനം ലഭിയ്ക്കുന്നത് നല്ലതാണെന്ന ഒരു വിശ്വാസവും നിലവിലുണ്ട്. (സാധാരണയില്‍ നിന്നും വ്യത്യസ്തമായി ആ പല്ലിയ്ക്ക് ആ മരത്തിന്റെ തൊലിയുടെ കറുത്ത നിറവും ആറോ എട്ടോ ഇഞ്ച് നീളവും അതിനൊത്ത വലുപ്പവും വരും). എല്ലാ ആഴ്ചകളിലും കുറേ നേരം നിന്നിട്ടായാലും ആ പല്ലിയെ കണ്ടിട്ടേ ഞങ്ങള്‍ മടങ്ങാറുള്ളൂ. (അതിന്റേയും ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല)