Tuesday, July 1, 2014

ഗോള്‌…

*ഗോള്‌…
ഒരു വേൾഡ്‌ കപ്പടുക്കണ സമയത്തു കേൾക്കണ കോള്‌…
ഈ കോള്‌! മറു നാടിന്റെ മണമുള്ള
കളിക്കാര്‌ അടിച്ചിടും കോള്‌ ...
ചുമ്മാതെ കാണെടിയമ്മിണിയേ...
ഇടവിടാതെ കാണെടി സോദരിയേ...
ഇന്ത്യയെന്നെങ്കിലും വരും പൈങ്കിളിയേ...
ജയ്‌! ഭാരത ഫുട്ബോളിൻ കാഹളമേ...

ഗോളു തടുക്കണ കയ്യുകളേ...
ഫൂട്ട്ബോൾ... സിന്ദാബാദ്‌...
ഇന്ത്യയ്ക്കുമോരോ ചാൻസു തരൂ...
ഫൂട്ട്ബോൾ... സിന്ദാബാദ്...
പന്തു തൊടുക്കാൻ ചാൻസു തരൂ...
ഈ ഇന്ത്യന്‍ ടീമിനു പന്തു തരൂ...
ഈ ഭാരത ടീമിനു പന്തു തരൂ...
ഓ... തക തക തക തക തക തക തകതോം ( ഗോള്‌... ) ‌

അടിപിടിയിടിയുടെ കളി കൊണ്ടു നടക്കണ
ആഫ്രിയ്ക്കൻ ടീമുകൾ പോലെ...
വെളുവെളെ ചിരിച്ചിട്ടു കലപില കൂട്ടണ
ലാറ്റിനമേരിയ്ക്ക പോലെ... (2)
കലഹം വേണ്ടൊരു ഫൗളും വേണ്ട!
മാതൃകയാകണ ടീമ്‌…
ഭാരതമക്കൾക്കാവേശമാകാൻ
തന്റേടമുള്ളൊരു ടീമ്‌…
അടിയ്ക്കണതെല്ലാം ഗോളല്ല!
കോർണർ കിക്കിനു ചാൻസില്ല! (2)
ഫൗളു ഗോള്‌ വേണ്ട വേണ്ട മച്ചാനേ... ( ഗോള്‌... )

അടിമുടി പട്ടിണി കിടക്കണ നാടിന്റെ
കനവിലും ഗോൾഡൻ ഗോള്‌…
പലകുറി കൊലവിളി നടത്തണ നാടിനു
കൊടുക്കണ്‌ മറുപടി ഗോള്‌… (2)
കയ്യിൽ പന്തതു കൊണ്ടാലയ്യേ! പെനാൽട്ടിയാകും കോള്‌…
കളി കൊള്ളാമെങ്കിൽ എക്സ്ട്രാ ടൈമിനു മുമ്പായി വീഴും ഗോള്‌...
വീഴണതെല്ലാം ഫൗളല്ല!
മഞ്ഞക്കാർഡിനു ചാൻസില്ല! (2)
ബോളു കൊണ്ടു വേല വേണ്ട മച്ചാനേ... ( ഗോള്‌...)

*****

*ക്ലാസ്സ്മേറ്റ്സിലെ 'വോട്ട്...' എന്നു തുടങ്ങുന്ന പാട്ടിന്റെ ഈണം

Tuesday, February 11, 2014

ക്യാപ്റ്റന്‍ കൂള്‍


 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ആരാണ്?

ധോണിയാണോ ഗാംഗുലിയാണോ ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ എന്ന തര്‍ക്കത്തിന് മറുപടി അല്ല ഈ കണക്കുകള്‍. ഒന്നുമില്ലായ്മയില്‍ നിന്നും ഏതു ടീമിനെയും ഏതു ഗ്രൌണ്ടിലും വെല്ലുവിളിയ്ക്കാന്‍ പാകത്തില്‍ ഇന്ത്യന്‍ ടീമിനെ വളര്‍ത്തി കൊണ്ടു വന്ന ഗാംഗുലിയുടെ പിന്‍തുടര്‍ച്ചക്കാരനാണ് ധോണി.


ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരായ ക്യാപ്റ്റന്‍മാരില്‍ ഒരാളാണോ ധോണി?  എന്ന ചോദ്യത്തിന് ഒരു മറുപടിയായിട്ടാണ് ഈ പോസ്റ്റ് എഴുതുന്നത്. ഇന്ത്യന്‍ നായകനെ ഒരു മികച്ച ക്യാപ്റ്റനായും ഫിനിഷര്‍ ആയും അംഗീകരിയ്ക്കാന്‍ പറ്റാത്തവര്‍ കുറേയുണ്ട്. അവരുടെ അറിവിലേയ്ക്കായി ചില കണക്കുകള്‍ കുറിയ്ക്കുകയാണ് ഇവിടെ.ധോണിയുടെ പക്ഷപാത സ്വഭാവം (ചില കളിക്കാരെ അളവിലധികം പിന്തുണയ്ക്കുന്നതും ചിലരെ തള്ളിപ്പറയുന്നതും) കണ്ടില്ലെന്നു നടിയ്ക്കാനാകില്ലെങ്കിലും ഇന്ന് നിലവില്‍ ഇന്ത്യയ്ക്ക് ലഭിയ്ക്കാവുന്ന ഏറ്റവും മികച്ച ക്യാപ്റ്റന്‍ തന്നെയാണ് ധോണി എന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്

* ഇന്ത്യ ടെസ്റ്റ്, ഏകദിന റാങ്കിങ്ങുകളില്‍ ഒന്നാം സ്ഥാനത്ത് വന്നത് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ്. (2009 & 2011)

* ഇന്ത്യ 1983 നു ശേഷം ഏതെങ്കിലും ലോകകപ്പ് നേടുന്നത് ധോണിയുടെ നേതൃത്വത്തിലാണ്.  അതും ഒന്നല്ല, രണ്ടെണ്ണം - Twenty - 20 ലോകകപ്പ് 2007 ലും ICC ഏകദിന ലോകകപ്പ് 2011 ലും.

* ടെസ്റ്റില്‍ ഏറ്റവുമധികം ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍ (52* ടെസ്റ്റ്). 49 ടെസ്റ്റുകള്‍ നയിച്ച ഗാംഗുലി രണ്ടാമത്

* ഇന്ത്യയ്ക്ക് ഏറ്റവുമധികം ടെസ്റ്റ് ജയങ്ങള്‍ നേടിത്തന്ന നായകനാണ് ധോണി. (50% വിജയത്തോടെ 26* ടെസ്റ്റുകള്‍. 43 % വിജയത്തോടെ 21 ടെസ്റ്റുകള്‍ ഉള്ള ഗാംഗുലിയാണ് രണ്ടാമത്)

* ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ വിജയ ശരാശരിയില്‍ ശാസ്ത്രി മാത്രമാണ് ധോണിയ്ക്ക് മുന്നിലുള്ളത് (1 ടെസ്റ്റ്; 1 വിജയം = 100% വിജയം)

* ഏകദിനങ്ങളില്‍ അസ്‌ഹറുദ്ദീനു ശേഷം ഏറ്റവുമധികം മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍ (അസ്‌ഹര്‍ - 174, ധോണി - 159*, ഗാംഗുലി - 147)

* അസ്‌ഹറിനു ശേഷം (90) ഏറ്റവുമധികം ഏകദിന വിജയങ്ങള്‍ നേടി തന്ന നായകന്‍ (88*)

* ഏകദിനത്തില്‍ 60.4% വിജയ ശരാശരിയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന നായകന്‍ (അസ്‌ഹര്‍ 54, ഗാംഗുലി 53.5)

* ഏകദിന ക്യാപ്റ്റനായി 100 മത്സരങ്ങളെങ്കിലും കളിച്ചവരില്‍ 58.5 ബാറ്റിങ്ങ് ശരാശരിയോടെ ലോകത്തില്‍ ഒന്നാമന്‍ [മിനിമം 10 മത്സരങ്ങളില്‍ ക്യാപ്റ്റനായവരെ നോക്കിയാല്‍ 40 മത്സരങ്ങളില്‍ 62 ശരാശരിയുള്ള ഡിവില്ലിയേഴ്സിനും 13 മത്സരങ്ങളില്‍ 61 ശരാശരിയുള്ള ജോര്‍ജ്ജ് ബെയ്‌ലിയ്ക്കും തൊട്ടു പിന്നില്‍ മൂന്നാമന്‍]

* ഏകദിന ക്യാപ്റ്റനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ലോകത്തിലെ നാലാമത്തെ ക്യാപ്റ്റന്‍  (159 മത്സരങ്ങളിലെ 139 ഇന്നിങ്സുകളില്‍ നിന്ന് 58.5 ശരാശരിയോടെ 5569 റണ്‍സ് - മുന്നിലുള്ളവര്‍: പോണ്ടിങ്ങ് 230 മത്സരങ്ങളില്‍ 42.9 ശരാശരിയോടെ 8497 റണ്‍സ്, ഫ്ലെമിങ്ങ് 218 മത്സരങ്ങളില്‍ 32.8 ശരാശരിയോടെ 6295 റണ്‍സ്, രണതുംഗെ 193 മത്സരങ്ങളില്‍ 37.6 ശരാശരിയോടെ 5608 റണ്‍സ്)

* ഏകദിന ക്യാപ്റ്റനായി 100 മത്സരങ്ങളെങ്കിലും കളിച്ചവരില്‍ 86.4 ബാറ്റിങ്ങ് സ്ട്രൈക്ക് റേറ്റോടെ ഏറ്റവും മികച്ച നാലാമത്തെ ക്യാപ്റ്റന്‍ (105 മത്സരങ്ങളില്‍ 92 സ്ട്രൈക്ക് റേറ്റുള്ള വിവ് റിച്ചാഡ്സ്, 109 മത്സരങ്ങളില്‍ 89.4 സ്ട്രൈക്ക് റേറ്റുള്ല അക്രം, 118 മത്സരങ്ങളില്‍ 88 സ്ട്രൈക്ക് റേറ്റോടെ ജയസൂര്യ എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍)

* പുറത്താകാതെ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച നായകനും  (159 മത്സരങ്ങള്‍, 139 ഇന്നിങ്സ്, 44 നോട്ടൌട്ട്),  വിജയിച്ച മത്സരങ്ങളില്‍ ഏറ്റവുമധികം തവണ പുറത്താകാതെ നിന്ന നായകനും (88 മത്സരങ്ങള്‍, 74 ഇന്നിങ്സ്, 32 നോട്ടൌട്ട്, ആവരേജ് 74) രണ്ടാമത് ബാറ്റ് ചെയ്ത് ഏറ്റവുമധികം മത്സരങ്ങള്‍ ജയിപ്പിച്ച നായകനും (51 മത്സരം, 38 ഇന്നിങ്സ്, 24 നോട്ടൌട്ട്, ആവരേജ് 92) ധോണിയല്ലാതെ മറ്റാരുമല്ല

*ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ സ്കോര്‍ പിന്തുടര്‍ന്ന് ഇന്ത്യ പരാജയപ്പെട്ട 34 മത്സരങ്ങളില്‍ ഒരേയൊരു മത്സരത്തില്‍ മാത്രമാണ് ധോണി പുറത്താകാതെ നിന്നിട്ടും ടീമിനെ വിജയിപ്പിയ്ക്കാന്‍ കഴിയാതെ പോയത്.

* പെര്‍ഫക്റ്റ് ഫിനിഷര്‍ ആയ ക്യാപ്റ്റനെന്ന നിലയില്‍ ധോണിയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന രണ്ട് മൂന്നു പേരേയുള്ളൂ.

1. ഡിവില്ലിയേഴ്സ് : ക്യാപ്റ്റനായി പിന്തുടര്‍ന്ന് മത്സരിച്ചത്  21 മത്സരങ്ങള്‍, 20 ഇന്നിങ്സ്, 8 നോട്ടൌട്ട്, ആവരേജ് 86, സ്ട്രൈക്ക് റേറ്റ് 100. (വിജയിച്ചത്  8 മത്സരങ്ങള്‍, 7 നോട്ടൌട്ട്, ആവരേജ് 420, സ്ട്രൈക്ക് റേറ്റ് 93 )

2. മിസ്‌ബാ ഉള്‍ഹഖ്: ക്യാപ്റ്റനായി പിന്തുടര്‍ന്ന് മത്സരിച്ചത്  36 മത്സരങ്ങള്‍, 32 ഇന്നിങ്സ്, 10 നോട്ടൌട്ട്, ആവരേജ് 53, സ്ട്രൈക്ക് റേറ്റ് 71. (അതില്‍ വിജയിച്ചത്  18 മത്സരങ്ങള്‍, 8 നോട്ടൌട്ട്, ആവരേജ് 94, സ്ട്രൈക്ക് റേറ്റ് 73)

3. മൈക്കല്‍ ക്ലാര്‍ക്ക്: ക്യാപ്റ്റനായി പിന്തുടര്‍ന്ന് മത്സരിച്ചത്  43 മത്സരങ്ങള്‍, 41 ഇന്നിങ്സ്, 7 നോട്ടൌട്ട്, ആവരേജ് 48, സ്ട്രൈക്ക് റേറ്റ് 75. (അതില്‍ തന്നെ വിജയിച്ചത്  20 മത്സരങ്ങള്‍, 6 നോട്ടൌട്ട്, ആവരേജ് 64, സ്ട്രൈക്ക് റേറ്റ് 76)


ലോകം കണ്ട ഏറ്റവും മികച്ച ഫിനിഷേഴ്സ് എന്ന് അംഗീകരിയ്ക്കപ്പെടുന്നവരും വിവരങ്ങളും ചുരുക്കത്തില്‍:

മാര്‍ക്ക് ബൌച്ചര്‍: പിന്തുടര്‍ന്ന് മത്സരിച്ചത്  160 മത്സരങ്ങള്‍, 107 ഇന്നിങ്സ്, 28 നോട്ടൌട്ട്, ആവരേജ് 27, സ്ട്രൈക്ക് റേറ്റ് 82. ( പിന്തുടര്‍ന്ന് വിജയിച്ചത്  100 മത്സരങ്ങള്‍, 51 ഇന്നിങ്സ്, 25 നോട്ടൌട്ട്, ആവരേജ് 39, സ്ട്രൈക്ക് റേറ്റ് 84)

മൈക്കല്‍ ബെവന്‍: പിന്തുടര്‍ന്ന് മത്സരിച്ചത്  112 മത്സരങ്ങള്‍, 81 ഇന്നിങ്സ്, 30 നോട്ടൌട്ട്, ആവരേജ് 57, സ്ട്രൈക്ക് റേറ്റ് 68. ( പിന്തുടര്‍ന്ന് വിജയിച്ചത്  75 മത്സരങ്ങള്‍, 45 ഇന്നിങ്സ്, 25 നോട്ടൌട്ട്, ആവരേജ് 86, സ്ട്രൈക്ക് റേറ്റ് 66)

മൈക് ഹസ്സി: പിന്തുടര്‍ന്ന് മത്സരിച്ചത്  71 മത്സരങ്ങള്‍, 45 ഇന്നിങ്സ്, 17 നോട്ടൌട്ട്, ആവരേജ് 43, സ്ട്രൈക്ക് റേറ്റ് 73. ( പിന്തുടര്‍ന്ന് വിജയിച്ചത്  51 മത്സരങ്ങള്‍, 27 ഇന്നിങ്സ്, 17 നോട്ടൌട്ട്, ആവരേജ് 74, സ്ട്രൈക്ക് റേറ്റ് 75)

ഇനി ധോണിയുടെ (ക്യാപ്റ്റനായോ അല്ലാതെയോ) അനാലിസിസ് കൂടി നോക്കൂ...

മഹേന്ദ്ര സിങ്ങ് ധോണി: പിന്തുടര്‍ന്ന് മത്സരിച്ചത്  133 മത്സരങ്ങള്‍, 106 ഇന്നിങ്സ്, 38 നോട്ടൌട്ട്, ആവരേജ് 52, സ്ട്രൈക്ക് റേറ്റ് 83. ( പിന്തുടര്‍ന്ന് വിജയിച്ചത്  76 മത്സരങ്ങള്‍, 57 ഇന്നിങ്സ്, 36 നോട്ടൌട്ട്, ആവരേജ് 103, സ്ട്രൈക്ക് റേറ്റ് 92)


 ഈ കണക്കുകള്‍ പോരേ, ലോകത്തില്‍ ഏകദിനത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍ ആയ ക്യാപ്റ്റന്‍ ആരാണെന്നറിയാന്‍?

(* കണക്കുകള്‍ 2014 ഫെബ്രുവരി 1 വരെ ഉള്ളത്)

എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP