Saturday, November 12, 2016

ഗണ്ടിക്കോട്ട : ഇന്ത്യയുടെ ഗ്രാന്റ്‌ കാന്യോണ്‍


ബേലും ഗുഹയില്‍ നിന്ന് പുറത്തു വന്ന ശേഷം ഞങ്ങള്‍ ഒട്ടും സമയം കളയാന്‍ നിന്നില്ല. അടുത്ത ലക്ഷ്യം ഇന്ത്യയുടെ Grand Canyon എന്നു വിളിയ്ക്കപ്പെടുന്ന, അധികം അറിയപ്പെടാത്ത ഗണ്ടിക്കോട്ട ആയിരുന്നു. കടപ്പ ജില്ലയില്‍ ജമ്മലമഡുഗുവിന് അടുത്താണ് ഗണ്ടിക്കോട്ട സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ ഞങ്ങള്‍ ബേലും ഗുഹകളിലേയ്ക്ക് യാത്ര ചെയ്ത അതേ റൂട്ടില്‍ കുറേ ദൂരം തിരിച്ച് യാത്ര ചെയ്യേണ്ടി വന്നു.

പോകും വഴി എല്ലാവര്‍ക്കും നല്ല വിശപ്പുണ്ടായിരുന്നെങ്കിലും ഭക്ഷണം കഴിയ്ക്കാന്‍ ഒരു മാര്‍ഗ്ഗവും വഴിയിലൊന്നും കാണുന്നുണ്ടായിരുന്നില്ല. എങ്കിലും ഞങ്ങള്‍ യാത്ര മുന്നോട്ടു തന്നെ തുടര്‍ന്നു. ഭാഗ്യത്തിന് ഗണ്ടിക്കോട്ടയ്ക്കടുത്തു വച്ച് ആന്ധ്രാ ഗവണ്മെന്റിന്റെ ഹരിത റിസോര്‍ട്ട് കണ്ണില്‍ പെട്ടു. രണ്ടാമതൊന്നും ആലോചിയ്ക്കാന്‍ നില്‍ക്കാതെ വണ്ടി നേരെ അതിനകത്തേയ്ക്ക് ഓടിച്ചു കയറ്റി. കഴിയ്ക്കാനെന്താണ് കിട്ടുക എന്നന്വേഷിച്ചപ്പോള്‍ "Only Meals" എന്ന് മറുപടി. ആയിക്കോട്ടെ എന്ന് ഞങ്ങളും. ചോറും സാമ്പാറും രസവും അച്ചാറും തൈരും ഒപ്പം കേസരിയും. വിശപ്പു കൊണ്ടാണോ എന്നറിയില്ല, നല്ല രുചി തോന്നി. സുഭിക്ഷമായി ഭക്ഷണം കഴിച്ച് 5 പേര്‍ക്ക് 550 രൂപ കൊടുത്ത് ഇറങ്ങുമ്പോള്‍ അങ്ങനെ ഒരു സാഹചര്യത്തില്‍ ആ റേറ്റ് കൂടുതല്‍ ആണെന്ന് തോന്നിയില്ല.   

ബേലും ഗ്രാമത്തില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരെയായിട്ടാണ് ഗണ്ടിക്കോട്ട ഗ്രാമം. തെലുങ്കില്‍ 'മലയിടുക്ക്' എന്നര്‍ത്ഥം വരുന്ന 'ഗണ്ടി' എന്ന വാക്കില്‍ നിന്നാണ് ആ സ്ഥലത്തിന് ഗണ്ടിക്കോട്ട എന്ന് പേരു വന്നത്. കോട്ടയിലേയ്ക്ക് പോകും വഴി കണ്ടു, ഗണ്ടിക്കോട്ട സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചു വരുന്ന ഏതോ ഒരു കൂട്ടം റൈഡേഴ്സിനെ. ഒരേ പോലത്തെ വണ്ടികളില്‍, ഒരേ പോലത്തെ വേഷങ്ങളില്‍ നല്ല വെയിലത്തും ഹെഡ്‌ലൈറ്റൊക്കെ ഇട്ട് വണ്ടി ഓടിയ്ക്കുക എന്നതും ഒരു ട്രെന്റ് ആണല്ലോ.

 

ലക്ഷ്യസ്ഥാനത്തേയ്ക്ക് അടുത്തടുത്ത് വരുമ്പോള്‍ നമ്മെ വരവേല്‍ക്കുന്നത് വളഞ്ഞു പുളഞ്ഞ വഴികളും ഇരുവശവും നെടുങ്കന്‍ കല്മതിലുമുള്ള ഒരു കോട്ടയാണ്. ദൂരെ നിന്നു കാണുമ്പോള്‍ ആ കോട്ടയായിരിയ്ക്കും പ്രധാന കാഴ്ച എന്ന് കരുതിയെങ്കിലും അതല്ല, അതൊരു കോട്ടമതില്‍ ആണെന്നും അതൊരു തുടക്കം മാത്രം ആണെന്ന് അതിനോടടുക്കുന്തോറും മനസ്സിലായി.

അതിലൂടെ കടന്ന് അപ്പുറത്തെത്തുമ്പോള്‍ നമുക്ക് കാണാനാകുന്നത് പഴമയുടെ പ്രതീകമായ, എന്നാല്‍ വേണ്ട വിധം സംരക്ഷിയ്ക്കപ്പെടാതെ കിടക്കുന്ന ഒരു മസ്ജിദും രണ്ടു ക്ഷേത്രങ്ങളും ആണ്. കോട്ടയ്ക്കകത്ത് തന്നെ ഒരു ഗ്രാമം നിലനില്‍ക്കുന്നു എന്നതും അതിശയമായി തോന്നി, അവര്‍ക്കാണെങ്കില്‍ ഈ വിനോദസഞ്ചാരികളില്‍ ഒരു കൌതുകവും തോന്നുന്നില്ലെന്നും.


 
 വണ്ടി നിര്‍ത്തി ഇറങ്ങുമ്പോള്‍ ആദ്യം കണ്ണില്‍പ്പെട്ട കടല വില്‍ക്കാനിരിയ്ക്കുന്ന വൃദ്ധ

 12 ആം നൂറ്റാണ്ടിലെ നിര്‍മ്മിതികളാണത്രെ ഈ കോട്ടയും ക്ഷേത്രങ്ങളും മസ്ജിദും എല്ലാം. വളരെ വിശാലമായ ആ കോട്ട ഇന്നും ഏതാണ്ട് അങ്ങനെ തന്നെ നിലനില്‍ക്കുന്നുണ്ടെങ്കിലും ചുറ്റുമതിലുകള്‍ പലയിടത്തും നശിച്ചതു പോലെയാണ്. മസ്‌ജിദാണ് ആദ്യം നമ്മുടെ മുന്നില്‍ വരുന്നത്, അതിനടുത്തു വരെ വാഹനങ്ങള്‍ക്ക് ചെന്നെത്താനാകും. 
  ഗണ്ടിക്കോട്ടജാമിയ മസ്‌ജിദ്, പുറമെ നിന്ന്

 
 മസ്‌ജിദിന്റെ അകത്ത്

 
 അസ്തമന സൂര്യന്റെ പകിട്ടില്‍

 മസ്ജിദിന്റെ ഒരു വശത്തായി ക്ഷേത്രത്തിലേയ്ക്ക് പോകുന്ന വഴിയില്‍ തന്നെ ഒരു വലിയ കുളവുമുണ്ട്. പഴയയുടെ സൌന്ദര്യമുള്ള മനോഹരമായ ഒരു കുളം.

 
 ക്ഷേത്രക്കുളം 
 
മസ്‌ജിദിന്റെ തൊട്ടടുത്തു തന്നെയാണ് രണ്ടു ക്ഷേത്രങ്ങളും. അതായത്, ജാമിയ മസ്ജിദും രംഗനാഥ സ്വാമി ക്ഷേത്രവും, മാധവരായ ക്ഷേത്രവും അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു എന്നതും അത്ഭുതമായി തോന്നി.


 മാധവരായ ക്ഷേത്രം

കൂട്ടത്തില്‍ ഏറ്റവും തലടെയുപ്പുള്ള മാധവരായ ക്ഷേത്രത്തിന്റെ നിര്‍മ്മിതി, ഏതു ഭാഗത്തു നിന്നു നോക്കിയാലും ഒരേ പോലെ തോന്നിപ്പിയ്ക്കുന്ന തരത്തിലാണ്. 

 
 ഫോര്‍ട്ടിന്റെ ഒരു ഭാഗം 
മസ്‌ജിദിന് തൊട്ടപ്പുറത്ത് ഒരു വലിയ ധാന്യപ്പുര കാണാം. വലിയ, പ്രത്യേക തരം കല്ലുകളാല്‍ ഉണ്ടാക്കപ്പെട്ടിരിയ്ക്കുന്ന അത് കാഴ്ചയില്‍ കൌതുകം തോന്നിപ്പിയ്ക്കുന്ന ഒന്നാണ്.

 
  ധാന്യപ്പുര

അതിനകം വലിയ തൂണുകളുള്ള വിസ്താരമേറിയ ഒരു കൂറ്റന്‍ മുറി പോലെ തോന്നി. അധികം ചിത്രങ്ങള്‍ കിട്ടിയില്ല.

 
 ധാന്യപ്പുരയ്ക്കകത്ത്

 അതിനപ്പുറത്ത് കാണുന്നതാണ് രംഗനാഥ സ്വാമി ക്ഷേത്രം. നിറയെ തൂണുകളും അതില്‍ കൊത്തു പണികളുമുള്ള ക്ഷേത്രം ഇന്നും പ്രൌഡിയോടെ നില നില്‍ക്കുന്നു.

 
 രംഗനാഥ സ്വാമി ക്ഷേത്രം, വിദൂര ദൃശ്യം

 
 ക്ഷേത്രം മതില്‍ക്കെട്ടിനു മുകളില്‍ നിന്നുള്ള ചിത്രം 

ധാന്യപ്പുരയും മസ്‌ജിദും മാധവരായ ക്ഷേത്രവും, രംഗനാഥക്ഷേത്രത്തില്‍ നിന്നുള്ള ദൃശ്യം

ക്ഷേത്രത്തിനപ്പുറത്തു കൂടി ഒഴുകുന്ന നദിയും ചിത്രത്തില്‍ കാണാം

രംഗനാഥ സ്വാമി ക്ഷേത്രത്തിനപ്പുറമാണ് കോട്ടയുടെ മതില്‍ക്കെട്ടുകളും മലയിടുക്കുകളും പെന്നാര്‍ നദിയും...  
 
  
ക്ഷേത്രത്തിനപ്പുറമുള്ള കാഴ്ചകള്‍

സൂക്ഷിച്ചു നോക്കിയാല്‍ കോട്ടമതിലിന്റെ ചില അവശിഷ്ടങ്ങള്‍ കാണാവുന്നതാണ്

അതിനപ്പുറം ആണ് Pennar River ന്റെ തീരത്തുള്ള ഇന്ത്യന്‍ കാന്യോണ്‍ എന്നറിയപ്പെടുന്ന വ്യൂ പോയന്റ്. അതിന്റെ മനോഹാരിത വിവരണാതീതമാണ്. കുറച്ചു സൂക്ഷ്മതയോടെ പാറക്കെട്ടുകള്‍ കയറിയിറങ്ങി വേണം വിസ്മയകാഴ്ചകളുടെ മര്‍മ്മപ്രധാനമായ ഈ ഭാഗത്തെത്താന്‍. 

 
 ആരോ പെറുക്കി കൂട്ടിയതു പോലെ പാറക്കെട്ടുകള്‍

  
 വ്യൂ പോയന്റില്‍ നിന്നു കാണുന്ന പെന്നാര്‍ നദി
ഇരുവശവും ഉള്ള മലയിടുക്കിനിടയിലൂടെ നിശബ്ദമായി, ശാന്തമായി ഒഴുകുന്ന പെന്നാര്‍ നദി. അതൊരു കാഴ്ച തന്നെയാണ്. വ്യൂ പോയന്റില്‍ എത്തിയാല്‍ ഇരു വശങ്ങളുടെയും ഗാംഭീര്യവും പണ്ടത്തെ കോട്ടയുടെ അവശിഷ്ടങ്ങളും  ഇപ്പോഴും വ്യക്തമായി കാണാം. 

 
 താഴെ അവശേഷിയ്ക്കുന്ന കോട്ടയുടെ അവശിഷ്ടങ്ങള്‍

 

മുകളില്‍ നിന്ന് താഴേയ്ക്ക് നദിയിലേയ്ക്ക് ഗൈഡുകളുടെ സഹായത്തോടെ ഇറങ്ങാനും നദിയിലൂടെ ഒരു സവാരി നടത്താനുമെല്ലാം കഴിയുമെന്ന് ചിലര്‍ പറയുന്നുണ്ടായിരുന്നു. സന്ധ്യയായതു കൊണ്ടാണോ എന്നറിയില്ല, അങ്ങനെ ആരെയും അവിടെ നോക്കിയാല്‍ കാണുന്നിടങ്ങളില്‍ ഒന്നും കണ്ടില്ല.
  
 വ്യൂ പോയന്റില്‍ നിന്നു കാണാവുന്ന രംഗനാഥ സ്വാമി ക്ഷേത്രം 
 
 നീലാകാശം, ചുവന്ന ഭൂമി

 കോട്ടയുടെ ഭാഗങ്ങളും കല്‍മതിലുകളും

അവിടെ നിന്ന് സമയം പോകുന്നത് അറിഞ്ഞില്ല. അപ്പോഴേയ്ക്കും സൂര്യന്‍ അന്നത്തെ സര്‍വീസ് അവസാനിപ്പിച്ച് തിരിച്ചു പോകാനുള്ള ഒരുക്കം തുടങ്ങിയതായുള്ള സൂചനകള്‍ ലഭിച്ചു തുടങ്ങി.

 
 യാത്രയായ് സൂര്യാങ്കുരം 
 

 കാഴ്ചകളില്‍ മയങ്ങി, നൂറ്റാണ്ടുകള്‍ മുമ്പത്തെ നിര്‍മ്മിതികളില്‍ അതിശയിച്ച് എത്ര നേരം അവിടെ നിന്നെന്നറിയില്ല. സമയം കടന്നു പോയ്ക്കോണ്ടിരുന്നു...

  


 
 മനോഹരമായ ആകാശ ചിത്രം 
രണ്ടു ഡാമുകള്‍ പെന്നാര്‍ നദിയില്‍ ഗണ്ടിക്കോട്ടയ്ക്ക് മുകളിലും താഴെയുമായി ഉണ്ടെന്ന് ആരോ പറഞ്ഞു. അതില്‍ ഒന്നാണെന്ന് തോന്നുന്നു അവിടെ ദൂരെയായി കാണാന്‍ കഴിഞ്ഞത്.

 
 ക്ഷേത്ര പശ്ചാത്തലത്തില്‍ ദൂരെ ഡാം 
 
 കാറ്റാടി യന്ത്രങ്ങള്‍ നിരന്നു നില്‍ക്കുന്ന മലനിരകള്‍ അസ്തമനസമയത്ത്

 
 ഇരുട്ടു വീഴാന്‍ തുടങ്ങുമ്പോള്‍

 
 വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ത്ത് വിട പറയുന്ന സൂര്യന്‍

വൈകുന്നേരമായതിനാല്‍ അവിടെ നിന്നുള്ള സൂര്യാസ്തമയം  കണ്‍നിറയെ കണ്ട് ആസ്വദിച്ച ശേഷമാണ് ഇരുട്ട് വീഴാന്‍ തുടങ്ങുമ്പോള്‍ ഞങ്ങള്‍ മടക്കയാത്രയെ പറ്റി ചിന്തിച്ചത്. അവിടവിടെയായി കാണപ്പെട്ട മറ്റു വിനോദ സഞ്ചാരികളും  തിരിച്ചു പോകാന്‍ തുടങ്ങിക്കഴിഞ്ഞു.

 
 തിരിച്ചു പോക്ക്, നിറഞ്ഞ മനസ്സോടെ...

 
 യാത്രാവാഹനം, സുജിത്തിന്റെ സ്വിഫ്റ്റ്

അങ്ങനെ ഒരു യാത്ര സഫലമായ സന്തോഷത്തോടെ അന്ന് രാത്രിയോടെ ഞങ്ങള്‍ ബാംഗ്ലൂര്‍ക്ക് തിരിച്ചു. ​ 

ബെലും ഗുഹ വഴി ഗണ്ടിക്കോട്ടയിലേയ്ക്ക്, ഭാഗം 1

7 comments:

ശ്രീ November 12, 2016 at 5:01 AM  

ഗണ്ടിക്കോട്ടയിലേയ്ക്ക് : ഇന്ത്യയുടെ ഗ്യാന്റ് കാന്യോണ്‍

Geetha November 18, 2016 at 7:53 AM  

ഒരു വലിയ യാത്രയിലാരുന്നു അല്ലെ ശ്രീ. ചിത്രങ്ങളും, വിവരണവും ഇഷ്ടമായി. " കടല വിൽക്കാനിരിക്കുന്ന വൃദ്ധയുടെ ചിത്രം " എന്തോ മനസ്സിൽ പതിഞ്ഞു.

രാമു November 23, 2016 at 3:10 AM  

ശ്രീ... ബ്ലോഗേഴ്‌സിന്റെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്‌സ്അപ്പ് നമ്പര്‍ - 00971 564972300
(രാമു, നോങ്ങല്ലൂര്‍ രേഖകള്‍)

ശ്രീ November 27, 2016 at 9:39 PM  

ആദ്യ കമന്റിനു നന്ദി, ഗീതേച്ചി...

രാമു മാഷേ, 9886049928 ആണ് എന്റെ നമ്പര്‍

Punaluran(പുനലൂരാൻ) December 15, 2016 at 7:18 AM  

ചിത്രങ്ങളും വിവരണവും ഒന്നാംതരം. ആശംസകൾ

keraladasanunni December 16, 2016 at 6:00 AM  

നല്ല ദൃശ്യങ്ങള്‍. വിവരണവും അതുപോലെത്തന്നെ.

Muralee Mukundan , ബിലാത്തിപട്ടണം December 20, 2016 at 7:08 AM  

ഗണ്ടിക്കോട്ട ഇന്ത്യയുടെ ഗ്യാന്റ് കാന്യോണ്‍ തന്നെ .
പഴയ കാല നിർമ്മിതിയുടെയും അവിടത്തെ മനോഹരമായ
പ്രകൃതി ഭംഗികളെയും ഒപ്പിയെടുത്ത് അതിലും നല്ല വരികളാലും
കുറിച്ച് വെച്ചിരിക്കുന്ന അസ്സലൊരു സഞ്ചാര വിവരണമാണിത് കേട്ടോ ശ്രീ

എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP