Friday, November 11, 2016

ബേലും കേവ്‌സ് : ഭൂമിയ്ക്കടിയിലെ വിസ്മയലോകംഒരു സഹപ്രവര്‍ത്തകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി വിജയവാഡയ്ക്ക് അടുത്ത് തെനാലി വരെ പോകേണ്ടതുണ്ടായിരുന്നു. സുജിത്തിന്റെ കാറില്‍ അവനെ കൂടാതെ സനോജും അജയും പ്രവീണും പിന്നെ ഞാനും... അങ്ങനെ ഞങ്ങള്‍ 5 പേരായിരുന്നു യാത്ര പ്ലാന്‍ ചെയ്തത്. വിവാഹത്തില്‍ പങ്കെടുക്കുക എന്നതിനേക്കാള്‍ ആ റൂട്ടില്‍ ഒരു യാത്ര പോകുമ്പോള്‍ ഏതൊക്കെ സ്ഥലങ്ങള്‍ സന്ദര്‍ശിയ്ക്കാന്‍ കഴിയും എന്നതായിരുന്നു ഞങ്ങളുടെ ചിന്ത.

​ബാംഗ്ലൂര്‍ നിന്ന് ഏതാണ്ട് 750 കിലോമീറ്റര്‍ വരും വിവാഹ സ്ഥലത്തേയ്ക്ക്. ​അതു കൊണ്ടു തന്നെ പോകുന്ന സ്ഥലത്തിനടുത്തെവിടെയെങ്കിലും കൊള്ളാവുന്ന ഏതെങ്കിലും രണ്ടു മൂന്നു സ്ഥലങ്ങള്‍ കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം. ഗൂഗിളില്‍ തപ്പിയപ്പോള്‍ ബാംഗ്ലൂര്‍ നിന്ന് തെനാലിയ്ക്ക് രണ്ടു വഴികള്‍ ഉണ്ട് എന്ന് മനസ്സിലായി. എങ്കില്‍ പിന്നെ പോകുന്നതും വരുന്നതും ഒരേ വഴി ആകേണ്ട എന്ന് തീരുമാനിച്ചു. പോക്ക് തിരുപ്പതി-നെല്ലൂര്‍ വഴിയും തിരിച്ചു വരവ് കടപ്പ വഴിയും ആകാം എന്ന് ഏകകണ്ഠേന തീരുമാനമായി. 


പറ്റിയാല്‍ തിരുപ്പതി ഒന്ന് ടച്ച് ചെയ്യാമെന്ന് ആദ്യം കരുതിയിരുന്നെങ്കിലും ആ വഴി കടന്നു പോകുന്നത് അര്‍ദ്ധരാത്രി കഴിഞ്ഞായിരുന്നതിനാല്‍ ആ പ്ലാന്‍ ഉപേക്ഷിയ്ക്കേണ്ടി വന്നു. ഏതെങ്കിലും ഒരു സ്ഥലം ഉപേക്ഷിയ്ക്കണമെന്ന് നിര്ബന്ധിതരാകുകയാണെങ്കില്‍ അത് കല്യാണസ്ഥലം ആയാലെന്ത് എന്നൊരു ചോദ്യം കൂട്ടത്തില്‍ ഉയര്‍ന്നുവെങ്കിലും പ്രഥമലക്ഷ്യം വിസ്മരിയ്ക്കാന്‍ പാടില്ലല്ലോ എന്നോര്‍ത്ത് ആദ്യം അങ്ങോട്ട് തന്നെ വച്ചു പിടിച്ചു.

അങ്ങനെ അടുത്ത ദിവസം രാവിലെ തെനാലിയില്‍ എത്തി, റൂമെടുത്ത് ഒന്നു ഫ്രഷ് ആയ ശേഷം നേരെ വിവാഹസ്ഥലത്തേയ്ക്ക് ചെന്നു. ചടങ്ങുകളില്‍ എല്ലാം പങ്കെടുത്ത് വധൂവരന്മാരെ ആശീര്‍വദിച്ച്, ഭക്ഷണവും കഴിഞ്ഞ് അവരോട് വിട പറഞ്ഞ് നേരെ കടപ്പ റൂട്ട് വഴി യാത്ര തിരിച്ചു. തികച്ചും വ്യത്യസ്തമായ ഒരു ഗ്രാമമേഖലയിലൂടെയായിരുന്നു പിന്നീടുള്ള യാത്ര. രണ്ടു വശങ്ങളിലും നിറയെ നീണ്ടു നെല്‍പ്പാടങ്ങള്‍, കുറേ ദൂരം കഴിഞ്ഞാല്‍ അധികം ആള്‍പ്പാര്‍പ്പില്ലാത്ത ചെറിയൊരു ഗ്രാമം. വീണ്ടും നെല്‍പ്പാടങ്ങള്‍...


നമ്മുടെ നാട്ടിലെല്ലാം ഇന്ന് അന്യമായിക്കൊണ്ടിരിയ്ക്കുന്ന ഗ്രാമീണതയുടെ സൌന്ദര്യം എത്രത്തോളമാണ് എന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ തോന്നി, കടന്നു പോകുന്ന മനോഹരമായ ഗ്രാമങ്ങള്‍ കണ്ടപ്പോള്‍. ഇടയ്ക്ക് വണ്ടി നിര്‍ത്തി കുറച്ചു ചിത്രങ്ങളെടുക്കാതെ കടന്നു പോകാന്‍ മനസ്സനുവദിച്ചില്ല.
 
ശുദ്ധമായ ഗ്രാമം 
 
പോകുന്ന വഴിയിലും വരും വഴിയിലും റോഡരികില്‍ മനുഷ്യരെക്കാള്‍ അധികമായി കാണാന്‍ സാധിച്ചത് എരുമക്കൂട്ടങ്ങളെ ആയിരുന്നു.

 


 
നഗരവല്‍ക്കരണവും അതിന്റെ ബഹളങ്ങളും മാലിന്യങ്ങളും  ഇനിയും കടന്നു ചെന്നിട്ടില്ലാത്ത, ഉള്‍നാടന്‍ ഗ്രാമങ്ങള്‍.
 
നമ്മുടെ നാട്ടില്‍ ഈ കാഴ്ചകളൊക്കെ അന്യം നിന്നു കൊണ്ടിരിയ്ക്കുകയല്ലേ എന്നോര്‍ത്തപ്പോള്‍ കുറച്ച് വിഷമം തോന്നാതിരുന്നില്ല. ഇപ്പോള്‍ കേരളത്തിലേയ്ക്ക് കയറ്റി അയയ്ക്കപ്പെടുന്ന അരി ഭൂരിഭാഗവും വരുന്നത് ഇവിടങ്ങളിലുള്ള നെല്‍പ്പാടങ്ങളിലാണ് എന്ന വാര്‍ത്തയില്‍ അഭ്തുതം തോന്നിയില്ല, നിരനിരയായി കാണപ്പെട്ട നെല്‍പ്പാടങ്ങള്‍ക്കിടയിലൂടെ സഞ്ചരിയ്ക്കുമ്പോള്‍.
 
  
ഗ്രാമങ്ങളെ കീറി മുറിച്ച് നോക്കെത്താ ദൂരം നീണ്ടു കിടക്കുന്ന തിരക്കൊഴിഞ്ഞ സ്റ്റേറ്റ് ഹൈവേ
 
മനോഹരമായ ഒരു സായന്തനം

 

അങ്ങനെ കുറേ ദൂരം സഞ്ചരിച്ച് അവസാനം രാത്രി 10 മണിയോടെ കടപ്പയില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്ന ബ്ലൂ ഡയമണ്ട് എന്ന ഹോട്ടലില്‍ എത്തി. ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍ സമയം 11 കഴിഞ്ഞു.

പിറ്റേന്ന് രാവിലെ കുളിയും പ്രഭാത കൃത്യങ്ങളും കഴിഞ്ഞ് ഞങ്ങള്‍ ഞങ്ങളുടെ പ്രധാന ആഗമനോദ്ദേശ്ശം സാധിയ്ക്കാനുള്ള യാത്രയ്ക്ക് തയ്യാറായി. ബേലും കേവ്‌സ്, ഗണ്ടിക്കോട്ട എന്നീ സ്ഥലങ്ങള്‍ ആയിരുന്നു ഞങ്ങളുടെ ലക്ഷ്യ സ്ഥാനങ്ങള്‍. അതാകുമ്പോള്‍ ഞങ്ങള്‍ക്ക് തിരിച്ചു പോരേണ്ട വഴിയില്‍ നിന്ന് അധികം മാറി യാത്ര ചെയ്യേണ്ടല്ലോ. കടപ്പയില്‍ നിന്ന് ഏതാണ്ട് 100 - 120 കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെയായിരുന്നു രണ്ടു സ്ഥലങ്ങളും.

അടുത്തുള്ള സ്ഥലം ഗണ്ടിക്കോട്ട ആണെങ്കിലും നട്ടുച്ചയോടെ അവിടെ എത്തുന്നതിലും നന്ന് വൈകുന്നേരത്തേയ്ക്ക് ആ സന്ദര്‍ശനം മാറ്റി വയ്ക്കുന്നതായിരിയ്ക്കും എന്ന് തോന്നിയതിനാല്‍ കടപ്പ ജില്ലയില്‍ തന്നെയുള്ള ഗണ്ടിക്കോട്ടയ്ക്ക് രണ്ടാം സ്ഥാനം നല്‍കി, ആദ്യം ബേലും ഗുഹ സ്ഥിതി ചെയ്യുന്ന കര്‍ണൂല്‍ ജില്ലയിലെ Jammalamadugu-Tadipatri-Belum ലക്ഷ്യമാക്കിയായിരുന്നു ഞങ്ങള്‍ തിരിച്ചത്. 


പോകുന്ന വഴിയില്‍ പലയിടത്തും ക്വാറികള്‍ പോലെ കാണപ്പെടുന്നത് കടപ്പ കല്ലുകള്‍ എടുക്കുന്ന സ്ഥലങ്ങളായിരുന്നു. ഞങ്ങള്‍ക്ക് അതെല്ലാം അതിശയകരമായ കാഴ്ചകളായിരുന്നു. ആ പരിസരങ്ങളിലെ വീടുകളും കടകളും എന്തിന്, മതിലുകള്‍ പോലും  പണിയുന്നത് ബാക്കി വരുന്ന കടപ്പ കല്ലുകള്‍ പെറുക്കി വച്ചിട്ടായിരുന്നു. 

കടപ്പ ക്വാറി

 
 ലോഡ് എടുക്കാന്‍ വരുന്ന വണ്ടിയുടെ വലുപ്പത്തില്‍ നിന്ന് ക്വാറിയുടെ വലുപ്പം ഊഹിയ്ക്കാം 
 
കടപ്പ കല്ലുകള്‍ അളവില്‍ മുറിച്ച് കയറ്റി അയയ്ക്കാന്‍ പാകത്തില്‍ അടുക്കി വച്ചിരിയ്ക്കുന്നു
 

 

ക്വാറികള്‍ കൈകാര്യം ചെയ്യുന്ന മാഫിയകള്‍  ഇവിടങ്ങളില്‍ സജീവമാണെന്ന് കേള്‍ക്കുന്നു. ഞങ്ങള്‍ തന്നെ ക്യാമറയും പിടിച്ച് ചുറ്റിത്തിരിയുന്നത് കണ്ടിട്ടാവണം അവിടെ ചിലരൊക്കെ സംശയമനോഭാവത്തോടെ ഞങ്ങളെ നോക്കുന്നത് ശ്രദ്ധയില്‍ പെട്ടു. പിന്നെ, അവരെ മിനക്കെടുത്താന്‍ നില്‍ക്കാതെ ഞങ്ങള്‍ വേഗം അവിടെ നിന്നും വലിഞ്ഞു.

പിന്നെയും വിജനമായ ഗ്രാമപ്രദേശങ്ങള്‍ താണ്ടി യാത്ര ചെയ്താല്‍ നേരെ ചെന്നെത്തുന്നത് ബേലും ഗ്രാമത്തിലെ ബേലും ഗുഹാമുഖത്തേയ്ക്കാണ്. ദൂരെ നിന്നു തന്നെ കാണാം, അരികിലുള്ള വലിയ ബുദ്ധ പ്രതിമ. 

 
ബേലും ഗുഹകള്‍ സ്ഥിതി ചെയ്യുന്ന മലനിര, ഒരു ദൂരക്കാഴ്ച
വിനോദ സഞ്ചാരികളോ അവരെ ആകര്‍ഷിയ്ക്കുന്ന സംവിധാനങ്ങളോ ബേലും ഗ്രാമത്തിലോ പരിസരങ്ങളിലോ കാണാനില്ല. ഒരു പെട്രോള്‍ പമ്പോ നല്ലൊരു ഹോട്ടലോ എന്തിന് കൊള്ളാവുന്ന ഒരു ചായക്കട പോലും അടുത്തെങ്ങും ലഭ്യമല്ല. സന്ദര്‍ശകര്‍ക്ക് ഇരുന്നു വിശ്രമിയ്ക്കാനും മറ്റുമായി ഇരിപ്പിടങ്ങള്‍ ഒരുക്കിയിരിയ്ക്കുന്നിടത്തുള്ള ഒരു കൂള്‍ബാറും മാത്രമാണ് ഏക ആശ്രയം.

ഗുഹാകവാടത്തിനരികെ ടിക്കറ്റ് കൌണ്ടറീല്‍ നിന്ന് 50 രൂപ ടിക്കറ്റ് എടുത്താല്‍ പ്രവേശനമായി. 

 
ബേലും ഗുഹാമുഖത്തു നിന്ന്

 
ബേലും ഗുഹ - ഒരു രൂപരേഖ
14ആം നൂറ്റാണ്ടില്‍ രൂപം കൊണ്ടതാണെന്ന് പറയപ്പെടുന്ന ഈ ഗുഹ കണ്ടെത്തുന്നത് 19ആം നൂറ്റാണ്ടിലാണത്രെ. പക്ഷേ, അടുത്തകാലം വരെ ഇതിന്റെ ചരിത്രപരമായ പ്രാധാന്യം ഗവണ്മെന്റ് പോലും മനസ്സിലാക്കിയിരുന്നില്ല. 2002 ല്‍ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്ത ശേഷവും  അധികം പേര്‍ക്കും ഈ സ്ഥലത്തെ പറ്റി അറിവില്ല എന്ന് തോന്നുന്നു. 

പ്രവേശന കവാടം

 
താഴേയ്ക്കിറങ്ങുന്ന പടവുകള്‍
പ്രവേശന കവാടത്തില്‍ താഴേയ്ക്ക് കുറച്ച് പടവുകള്‍ കാണാം . ഇറങ്ങി ചെല്ലുന്നത് ഭൂമിയ്ക്കടിയിലേയ്ക്കുള്ള ഗുഹയിലേയ്ക്കാണ്. ഇരുവശവും വലിയ കടപ്പക്കല്ലുകള്‍ നിറഞ്ഞ ഗുഹാകവാടത്തിന്റെ പടികളിറങ്ങി ചെല്ലുമ്പോള്‍ കാണാന്‍ കഴിയുക മനോഗരമായ, മുകള്‍ഭാഗം തുറന്ന മുറി പോലെയുള്ള ഒരു സ്ഥലമാണ്.
 
 
വെട്ടിയുണ്ടാക്കിയെടുത്ത ഒരു ഹാള്‍ പോലെ ഉണ്ട്, അല്ലേ?
 

അതിനു തൊട്ടടുത്തുള്ളത് വിശാലമായി കാണപ്പെടുന്ന ഒരു വലിയ മുറി പോലുള്ള സ്ഥലവും. Dhyan Mandir എന്നും Meditation Hall  എന്നുമൊക്കെയാണ് ഈ ഭാഗം അറിയപ്പെടുന്നത്. പണ്ടു കാലത്ത് ബുദ്ധ സന്യാസിമാരുടെ പ്രാര്‍ത്ഥനാകേന്ദ്രം ആയിരുന്നു ഇവിടം എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.  

 

 

നീളത്തിന്റെ കണക്കില്‍ ഇന്ത്യന്‍ ഭൂഗര്‍ഭ ഗുഹകളില്‍ രണ്ടാം സ്ഥാനത്തു വരുമെന്ന് അനൌദ്യോഗികമായി അറിയപ്പെടുന്ന ബേലും ഗുഹ ഏതാണ്ട് നാലു കിലോമീറ്റര്‍ വരെ നീളത്തിലും (ഇതിന്റെ പകുതിയോളം ദൂരമേ സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതിയുള്ളൂ)  ചിലയിടങ്ങളില്‍ 150 മീറ്റര്‍ വരെ താഴ്ചയുള്ളതും ആണ്.  
അകത്തേയ്ക്ക് പോകുന്നത് ചിലയിടങ്ങളില്‍ തീരെ ഇടുങ്ങിയതും ചിലയിടങ്ങളില്‍ വിശാലവുമായ തുരങ്കപാത വഴിയാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വെള്ളം ഒഴുകിയുണ്ടായ പാതയാണ് ഇതെന്നാണ് പറയപ്പെടുന്നത്. 
 

അകത്ത് പലയിടങ്ങളിലും കൃത്രിമമായി വെളിച്ചവും ശുദ്ധവായുവിനുള്ള സംവിധാനങ്ങളും സജ്ജീകരിച്ചിരിയ്ക്കുന്നു. ആ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന ഗുഹാന്തര്‍ ഭാഗങ്ങളുടെ ഭംഗി വിവരണങ്ങള്‍ക്കതീതമാണ്. ചിത്രങ്ങളില്‍ അതേ ഭംഗി പകര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നും തോന്നുന്നില്ല.  

 

വെളിച്ചം സജ്ജമാക്കിയിരിയ്ക്കുന്ന വഴികളല്ലാതെ ഇരുളടഞ്ഞ ഒരുപാടു വഴികളും പോകുന്ന വഴികളുടെ ഇരുവശത്തുമായി കാണാന്‍ കഴിയും. എന്നാല്‍ അത്തരം മാര്‍ഗങ്ങളില്‍ പരീക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് അപകടകരമായിരിയ്ക്കും എന്നാണ് പറയുന്നത്. ചിലയിടങ്ങളിലേയ്ക്ക് എത്തിപ്പെടാന്‍ നമുക്ക് കുനിഞ്ഞു നടക്കേണ്ടതായി വരും.

 


പ്രതീക്ഷിച്ചതിനു വിരുദ്ധമായി ഗുഹയ്ക്കകത്ത് അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. അകത്തു നിന്നും തിരിച്ചു വരുന്ന ഭൂരിഭാഗം പേരും ഷര്‍ട്ടെല്ലാം ഊരി കയ്യില്‍ പിടിച്ച് വിയര്‍ത്തൊലിച്ചാണ് തിരിച്ചു കയറൂന്നത്. 

പാതാള ഗംഗ എന്നറിയപ്പെടുന്ന ഒരിടമാണ് ഏറ്റവും താഴ്ന്ന ഗുഹാ ഭാഗം. അതേ പോലെ സപ്തസ്വര ഗുഹ, വൂഡലമരി, മണ്ഡപം എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന സ്ഥലങ്ങള്‍ ഉണ്ട്. 
 

ഗുഹയ്ക്കകത്തെ ഇരുട്ടും കൃത്രിമ നിയോണ്‍ വിളക്കുകളും വ്യക്തതയുള്ള നല്ല ചിത്രങ്ങള്‍ എടുക്കുന്നതിന് പലപ്പോഴും തടസ്സമായി. അതു കൊണ്ട് കണ്ടു വിസ്മയിച്ച പല കാഴ്ചകളും ചിത്രങ്ങളാക്കാന്‍ കഴിയാത്ത വിഷമം ഞങ്ങള്‍ക്ക് ഉള്ളിലൊതുക്കേണ്ടി വന്നു.

സന്ദര്‍ശകര്‍ക്ക് അനുവദനീയമായത്രയും ദൂരം മുഴുവനും പോകാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. അസഹനീയമായ ചൂടും ചിലയിടങ്ങളിലെ വായു സഞ്ചാരത്തിന്റെ കുറവും പിന്നെ അന്ന് ഒരു സ്ഥലം കൂടി സന്ദര്‍ശിയ്ക്കാന്‍ ബാക്കി ഉണ്ട് എന്നുള്ള ചിന്തയും... എല്ലാം കാരണം കുറേ ദൂരം പോയ ശേഷം ഞങ്ങള്‍ ആ വിസ്മയക്കാഴ്ചകള്‍ ഉപേക്ഷിച്ച് ഗുഹയ്ക്ക് പുറത്തേയ്ക്ക് തിരിച്ചു പോന്നു.  

യാത്രാവിവരണം : - ബെലും ഗുഹ വഴി ഗണ്ടിക്കോട്ടയിലേയ്ക്ക്, ഭാഗം :2

6 comments:

ശ്രീ November 11, 2016 at 4:35 AM  

ബേലും കേവ്‌സിലേയ്ക്ക് ഒരു യാത്ര...

വിനുവേട്ടന്‍ November 11, 2016 at 10:35 AM  

ഇങ്ങനെയൊക്കെയുള്ള സ്ഥലങ്ങൾ നമ്മുടെ നാട്ടിലുണ്ടല്ലേ..

പിള്ളേച്ചന്‍‌ November 14, 2016 at 8:17 AM  

Nalla commentary

Anoop Technologist (അനൂപ് തിരുവല്ല) November 14, 2016 at 8:33 AM  

വളരെ നല്ല വിവരണം.

Punaluran(പുനലൂരാൻ) December 15, 2016 at 7:22 AM  

നല്ല ഫോട്ടോകൾ.. വിവരണവും ആശംസകൾ


Muralee Mukundan , ബിലാത്തിപട്ടണം December 20, 2016 at 7:13 AM  

ചിത്ര ജാലകത്തിന്റെ
ഭാവും മട്ടുമൊക്കെ മോഡി
പിടിപ്പിച്ച് ബേലും ഗുഹ യാത്രയും
അവിടത്തെ കാഴ്ച്ചകളും സൂപ്പറായി
കാഴ്ച്ചവെച്ചിരിക്കുന്നു

എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP